Saturday, January 26, 2013

മൗനം

ഒന്നും പറയാനില്ലാത്തത്‌ കൊണ്ടല്ല , എന്ത് എങ്ങനെ പറയണം എന്ന് അറിയാത്തത് കൊണ്ട് ഞാനും മൗനം കാംക്ഷിക്കുന്നു


പുതിയ നിയമം: സുവിശേഷത്തിന് ശേഷം 


പ്രവര്‍ത്തനങ്ങള്‍  

മരണം മൂന്നു ദിവസം മുന്‍പായിരുന്നു എന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ സ്ഥിരീകരിച്ചു. ശവസംസ്കാരത്തിന്‍റെ  നാല്‍പത്തി ഒന്നാം ദിവസമാണു കത്ത് വന്നത്. അമ്മയുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍. ആത്മഹത്യാക്കുറിപ്പ്‌. കുറ്റപത്രം.

ജീവന്‍റെ ഓരോ  വഴിയും അടയാളപ്പെടുത്തിയ സത്യം മാത്രമായ വചനങ്ങള്‍. വായില്‍ കയിപ്പും കണ്ണില്‍ കറുപ്പും നിറക്കുന്ന വെറുപ്പ്‌. ആദി മുതല്‍ അന്ത്യം വരെ ...



______________________________________________________________________________________________________________
ലേഖനം

"ആദിയില്‍ വെറുപ്പുണ്ടായിരുന്നു. വെറുപ്പ്‌ നിങ്ങള്‍ തന്നെയായിരുന്നു. നിങ്ങളുടെ ഏറ്റവും സ്ഥായിയായ ഭാവവും, നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ അസ്തിത്വവും വെറുപ്പായിരുന്നു. നിങ്ങള്‍ എന്നും  എന്നെ വെറുത്തിരുന്നു.

"ജനനം മുതല്‍, അതിലും മുന്‍പ്, ഞാന്‍ ഉരുവായേക്കും എന്നു തോന്നിയ നിമിഷം മുതല്‍ നിങ്ങള്‍ എന്നെ വെറുത്തു. 

"നിങ്ങളുടെ ഓരോ ചിന്തയിലും, ഓരോ പ്രവര്‍ത്തിയിലും എന്നോടുള്ള വെറുപ്പ്‌ നിറഞ്ഞു. നിങ്ങളുടെ ജീവിതത്തിന്‍റെ നിറം എന്നോടുള്ള വെറുപ്പിന്‍റെ  കറുപ്പായിരുന്നു. നിങ്ങളുടെ സൂര്യപ്രകാശത്തിന്‍റെ അതേ വെളിച്ചമാണ് എനിക്കും കിട്ടുന്നത് എന്നത് നിങ്ങളുടെ പകലുകളെ ഇരുട്ടിലാഴ്ത്തി. നിങ്ങളും ഞാനും ഒരേ വായു ശ്വസിക്കുന്നു എന്ന ചിന്ത നിങ്ങളുടെ ശ്വാസകോശങ്ങളെ വീര്‍പ്പുമുട്ടിച്ചു.

"നിങ്ങളോട് എനിക്കെന്നും സഹതാപമായിരുന്നു. നേരിയ പുച്ഛo കലര്‍ന്ന സഹതാപം. നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുമുണ്ട്.  നിങ്ങള്‍ക്കിഷ്ടമുള്ള ഭക്ഷണം വിളമ്പാനും, ഇഷ്ടമുള്ള പാട്ടുകള്‍ ഉച്ചത്തില്‍ കേള്‍പ്പിക്കാനും, ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി സംസാരിക്കാനും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളുടെ ഓരോ ഇഷ്ട്ടവും എന്നോടുള്ള വെറുപ്പ്‌ കലര്‍ന്ന് അലങ്കോലപ്പെടാന്‍ വേണ്ടി തന്നെ.

"പണ്ടെല്ലാം സഹതാപം കൊണ്ടായിരുന്നെങ്കില്‍, പിന്നീട് പുച്ഛo കൊണ്ടു മാത്രമായിരുന്നു. നിങ്ങള്‍ അത് മനസ്സിലാക്കി എന്നെ കൂടുതല്‍ വെറുക്കും എന്നറിഞ്ഞു കൊണ്ട് തന്നെ. നിങ്ങളെ അലോസരപ്പെടുത്താന്‍ വേണ്ടി മാത്രം ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ മറിച്ചുനോക്കി , നിര്‍ബന്ധിച്ച് സുന്ദരമായ ഇടങ്ങളില്‍  കൊണ്ടുപോയി. നിങ്ങളുടെ ഭാര്യയുടെയും, കുട്ടികളുടെയും സ്നേഹം പിടിച്ചു പറ്റി. അവരെ ഒരുപാട് സ്നേഹിച്ചു. സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ വേണ്ടിയല്ല. നിങ്ങളുടെ വെറുപ്പിനു വേണ്ടി.

"നിങ്ങള്‍ നിങ്ങളെ തന്നെ വെറുക്കാന്‍ വേണ്ടി, ഓരോ വിജയത്തിലും നിങ്ങളെ ഹാര്‍ദവമായി അഭിനന്ദിച്ചു, കൂടുതല്‍ പ്രോത്സാഹിപ്പിച്ചു.
നിങ്ങളത് മനസ്സിലാകി എന്നും എന്നെ മരണത്തോളം വെറുത്തു എന്നും എനിക്കറിയാം.

"എന്നെ ഇല്ലാതാക്കണം എന്ന് ആഗ്രഹം തോന്നിയ നിമിഷങ്ങളെ നിങ്ങള്‍ വെറുത്തു. കുറ്റബോധത്തോടെ സ്വയം വെറുത്തു.ആ കുറ്റബോധത്തെ വെറുത്തു. കൊല്ലണം എന്ന ചിന്തയെ വെറുത്തു. കൊല്ലതിരിക്കുന്ന പ്രവര്‍ത്തിയെ വെറുത്തു. ഓരോ വാക്കിലും, പ്രവര്‍ത്തിയിലും, ഉപേക്ഷയിലും സ്വയം പിഴ ചാര്‍ത്തി .

"എന്‍റെ പരസ്യ ജീവിതത്തിലെ ആദ്യ അത്ഭുദം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ഇല്ലാതാകുന്നു. നിങ്ങളുടെ കാണാചങ്ങലകളെ പൊട്ടിച്ചുമാറ്റി കൊണ്ട് കാലത്തെ രണ്ടായി പകുക്കുന്നു . നിങ്ങളുടെ ജീവിതത്തില്‍ ഇനി ഞാനില്ല. എന്‍റെ ചിന്തകളില്ല. ഇനി ഒരു പുതിയ കാലഘട്ടം.

"പക്ഷേ ഒരു ഉത്തവാധിത്തം ഏല്‍പ്പിക്കുന്നു. നിങ്ങളെ തന്നെ. എന്‍റെ ഓര്‍മക്കായി നിങ്ങള്‍ ഇത് ചെയ്യുക. എന്‍റെ സഭ നിങ്ങളില്‍ നിന്ന് തുടങ്ങട്ടെ.

-- നിങ്ങളുടെ  കൂടപ്പിറപ്പ് "

_____________________________________________________________________________________________________________


വെളിപാട് 
വെളിപ്പെട്ടത്  ഇത്ര മാത്രം :

മരിച്ചവന് പകരം വെക്കാന്‍ ഇനി ആര് ?
അവനോടുള്ള വെറുപ്പ്‌ ഇനി ആരോട് ?
അലങ്കാര ചിരിയുമായി നില്‍ക്കേണ്ട ജഡം ആര്?

എവിടെയാണ് മോക്ഷം? പുനരുദ്ധാനം?