Saturday, October 12, 2013

Dream gone Sour

I wanted to become a writer,
Didn't know how or when neither,
but in my wild dreams, somehow somewhere,
I always wanted to be a writer.

 
Its  true that my language isn't proper,
nor am I well-versed in grammar,
even my communication skills are poor,
but I still wanted to be a writer.


I love books: be it romance, aliens or adventure;
but with those educational, am a complete goner;
No! I won't read if it is not for pleasure,
Even if it is good literature.


I did work for a publisher,
I wanted to be Shakespeare;
but they paid for being a researcher
With that ended my dream career.


Where ever I tried, I ended up a failure.
But I relive my dreams now through blogger.
Hey, I never did loose my laughter,
True! that's what really matter!

Thursday, May 16, 2013

ദേഷ്യം

എപ്പോൾ ഏത്‌ നിമിഷത്തിൽ എന്നെ കീഴടക്കും എന്ന് അറിയില്ല ...

എന്ത് കൊണ്ട് ഞാൻ തോല്ക്കുന്നു എന്നും മനസ്സിലാവുന്നില്ല ...

വിവേകത്തിന്റെ, വീണ്ടുവിചാരത്തിന്റെ സമയം കഴിഞ്ഞു പോവുന്നു ?

എവിടെയാണ് ഒരു പിടിവള്ളി?



Saturday, January 26, 2013

മൗനം

ഒന്നും പറയാനില്ലാത്തത്‌ കൊണ്ടല്ല , എന്ത് എങ്ങനെ പറയണം എന്ന് അറിയാത്തത് കൊണ്ട് ഞാനും മൗനം കാംക്ഷിക്കുന്നു


പുതിയ നിയമം: സുവിശേഷത്തിന് ശേഷം 


പ്രവര്‍ത്തനങ്ങള്‍  

മരണം മൂന്നു ദിവസം മുന്‍പായിരുന്നു എന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ സ്ഥിരീകരിച്ചു. ശവസംസ്കാരത്തിന്‍റെ  നാല്‍പത്തി ഒന്നാം ദിവസമാണു കത്ത് വന്നത്. അമ്മയുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍. ആത്മഹത്യാക്കുറിപ്പ്‌. കുറ്റപത്രം.

ജീവന്‍റെ ഓരോ  വഴിയും അടയാളപ്പെടുത്തിയ സത്യം മാത്രമായ വചനങ്ങള്‍. വായില്‍ കയിപ്പും കണ്ണില്‍ കറുപ്പും നിറക്കുന്ന വെറുപ്പ്‌. ആദി മുതല്‍ അന്ത്യം വരെ ...



______________________________________________________________________________________________________________
ലേഖനം

"ആദിയില്‍ വെറുപ്പുണ്ടായിരുന്നു. വെറുപ്പ്‌ നിങ്ങള്‍ തന്നെയായിരുന്നു. നിങ്ങളുടെ ഏറ്റവും സ്ഥായിയായ ഭാവവും, നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ അസ്തിത്വവും വെറുപ്പായിരുന്നു. നിങ്ങള്‍ എന്നും  എന്നെ വെറുത്തിരുന്നു.

"ജനനം മുതല്‍, അതിലും മുന്‍പ്, ഞാന്‍ ഉരുവായേക്കും എന്നു തോന്നിയ നിമിഷം മുതല്‍ നിങ്ങള്‍ എന്നെ വെറുത്തു. 

"നിങ്ങളുടെ ഓരോ ചിന്തയിലും, ഓരോ പ്രവര്‍ത്തിയിലും എന്നോടുള്ള വെറുപ്പ്‌ നിറഞ്ഞു. നിങ്ങളുടെ ജീവിതത്തിന്‍റെ നിറം എന്നോടുള്ള വെറുപ്പിന്‍റെ  കറുപ്പായിരുന്നു. നിങ്ങളുടെ സൂര്യപ്രകാശത്തിന്‍റെ അതേ വെളിച്ചമാണ് എനിക്കും കിട്ടുന്നത് എന്നത് നിങ്ങളുടെ പകലുകളെ ഇരുട്ടിലാഴ്ത്തി. നിങ്ങളും ഞാനും ഒരേ വായു ശ്വസിക്കുന്നു എന്ന ചിന്ത നിങ്ങളുടെ ശ്വാസകോശങ്ങളെ വീര്‍പ്പുമുട്ടിച്ചു.

"നിങ്ങളോട് എനിക്കെന്നും സഹതാപമായിരുന്നു. നേരിയ പുച്ഛo കലര്‍ന്ന സഹതാപം. നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുമുണ്ട്.  നിങ്ങള്‍ക്കിഷ്ടമുള്ള ഭക്ഷണം വിളമ്പാനും, ഇഷ്ടമുള്ള പാട്ടുകള്‍ ഉച്ചത്തില്‍ കേള്‍പ്പിക്കാനും, ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി സംസാരിക്കാനും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളുടെ ഓരോ ഇഷ്ട്ടവും എന്നോടുള്ള വെറുപ്പ്‌ കലര്‍ന്ന് അലങ്കോലപ്പെടാന്‍ വേണ്ടി തന്നെ.

"പണ്ടെല്ലാം സഹതാപം കൊണ്ടായിരുന്നെങ്കില്‍, പിന്നീട് പുച്ഛo കൊണ്ടു മാത്രമായിരുന്നു. നിങ്ങള്‍ അത് മനസ്സിലാക്കി എന്നെ കൂടുതല്‍ വെറുക്കും എന്നറിഞ്ഞു കൊണ്ട് തന്നെ. നിങ്ങളെ അലോസരപ്പെടുത്താന്‍ വേണ്ടി മാത്രം ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ മറിച്ചുനോക്കി , നിര്‍ബന്ധിച്ച് സുന്ദരമായ ഇടങ്ങളില്‍  കൊണ്ടുപോയി. നിങ്ങളുടെ ഭാര്യയുടെയും, കുട്ടികളുടെയും സ്നേഹം പിടിച്ചു പറ്റി. അവരെ ഒരുപാട് സ്നേഹിച്ചു. സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ വേണ്ടിയല്ല. നിങ്ങളുടെ വെറുപ്പിനു വേണ്ടി.

"നിങ്ങള്‍ നിങ്ങളെ തന്നെ വെറുക്കാന്‍ വേണ്ടി, ഓരോ വിജയത്തിലും നിങ്ങളെ ഹാര്‍ദവമായി അഭിനന്ദിച്ചു, കൂടുതല്‍ പ്രോത്സാഹിപ്പിച്ചു.
നിങ്ങളത് മനസ്സിലാകി എന്നും എന്നെ മരണത്തോളം വെറുത്തു എന്നും എനിക്കറിയാം.

"എന്നെ ഇല്ലാതാക്കണം എന്ന് ആഗ്രഹം തോന്നിയ നിമിഷങ്ങളെ നിങ്ങള്‍ വെറുത്തു. കുറ്റബോധത്തോടെ സ്വയം വെറുത്തു.ആ കുറ്റബോധത്തെ വെറുത്തു. കൊല്ലണം എന്ന ചിന്തയെ വെറുത്തു. കൊല്ലതിരിക്കുന്ന പ്രവര്‍ത്തിയെ വെറുത്തു. ഓരോ വാക്കിലും, പ്രവര്‍ത്തിയിലും, ഉപേക്ഷയിലും സ്വയം പിഴ ചാര്‍ത്തി .

"എന്‍റെ പരസ്യ ജീവിതത്തിലെ ആദ്യ അത്ഭുദം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ഇല്ലാതാകുന്നു. നിങ്ങളുടെ കാണാചങ്ങലകളെ പൊട്ടിച്ചുമാറ്റി കൊണ്ട് കാലത്തെ രണ്ടായി പകുക്കുന്നു . നിങ്ങളുടെ ജീവിതത്തില്‍ ഇനി ഞാനില്ല. എന്‍റെ ചിന്തകളില്ല. ഇനി ഒരു പുതിയ കാലഘട്ടം.

"പക്ഷേ ഒരു ഉത്തവാധിത്തം ഏല്‍പ്പിക്കുന്നു. നിങ്ങളെ തന്നെ. എന്‍റെ ഓര്‍മക്കായി നിങ്ങള്‍ ഇത് ചെയ്യുക. എന്‍റെ സഭ നിങ്ങളില്‍ നിന്ന് തുടങ്ങട്ടെ.

-- നിങ്ങളുടെ  കൂടപ്പിറപ്പ് "

_____________________________________________________________________________________________________________


വെളിപാട് 
വെളിപ്പെട്ടത്  ഇത്ര മാത്രം :

മരിച്ചവന് പകരം വെക്കാന്‍ ഇനി ആര് ?
അവനോടുള്ള വെറുപ്പ്‌ ഇനി ആരോട് ?
അലങ്കാര ചിരിയുമായി നില്‍ക്കേണ്ട ജഡം ആര്?

എവിടെയാണ് മോക്ഷം? പുനരുദ്ധാനം?



Wednesday, September 12, 2012

ഹൈകു

അഷിതയുടെ  ഹൈകു കവിതകള്‍ സുന്ദരം! അതി സുന്ദരം!  ഇതാ ഇവിടെ :  http://www.madhyamam.com/weekly/1428
  

 എനിക്ക് തോന്നിയത് :


അവതാരം 

ഒന്ന്, രണ്ട്, മൂന്ന് വരിയാലെന്‍
മനം കവര്‍ന്നു
- ഹൈകു!



ശാന്തി 

മിന്നല്‍പിണര്‍ പോല്‍ പാഞ്ഞു
പോകും സ്വപ്നം മാത്രമോ
ലോക ശാന്തി ?


വീട്ടമ്മ

 മക്കളെ പോറ്റുന്നവള്‍
ഭാവി തീര്‍ക്കുന്നവള്‍ കൂടിയാണ്
- ഒരു ശരാശരി വീട്ടമ്മ.


ദൃശ്യം

എന്‍ കണ്ണില്‍
എല്ലാം ഇരുള്‍ മാത്രം
ഉച്ചസുര്യന്‍ പോലും


കാരുണ്യം 

ഏകാന്തത കാര്‍ന്നുതിന്നുന്ന
എന്‍ ഹൃദയത്തില്‍
കാരുണ്യമായി പെയ്തു ഈ ഹൈകു !



ഉപമ 

പട്ടുനൂലിനോടു  വാഴനാര്
എച്ചുകെട്ടുന്നത് പോലെയോ
എന്‍ ഹൈകു ?


ഉത്തരങ്ങള്‍ 

വെറും മൂന്ന് വരികളില്‍
ഇത്രയേറെ പ്രേമം നിറഞ്ഞ
കവിത! അദ്ഭുതം!


വാര്‍ധക്യം 

എത്ര സത്യം !
ഞാന്‍ എന്‍ അമ്മയായ് മാറുന്നു
 - അത് തന്നെ ജീവിതം!

Friday, June 22, 2012

മാതൃത്വം

 ഞാന്‍ നിന്നില്‍ ആയിരിക്കുക...
നിന്‍റെ ശരീരത്തിന്‍റെ ഭാഗം ആയിരിക്കുക...
നിന്‍റെ രക്തം എന്‍റെ ഞരമ്പുകളിലും ഒഴുകുക...
നിന്‍റെ ഹൃദയമിടിപ്പുകള്‍ എന്‍റെ കാതുകളില്‍ മുഴങ്ങുക...

ഞാന്‍ നിന്‍റെ ഗര്‍ഭപാത്രത്തില്‍ ജീവിക്കുക...

അതാകട്ടെ ദൈവമേ നമ്മള്‍ തമ്മിലെ ബന്ധം

Thursday, December 23, 2010

എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട്?

എന്ത് കൊണ്ട് ഞാന്‍ ബ്ലോഗ്‌ എഴുതുന്നു എന്ന് ഞാന്‍ ചിന്തിച്ചു.
എല്ലാ കാര്യങ്ങളും പോലെ പല കാരണങ്ങള്‍ ഉണ്ട്:

  • ബോറടി മാറാന്‍
  • ചാറ്റ് ചെയ്യാന്‍ ആരെയും കിട്ടാത്തത് കൊണ്ട്
  • വീട്ടുകാരെയും കൂട്ടുകാരെയും ഭീഷണി പെടുത്തി എങ്കിലും വായിപ്പിക്കാന്‍
  • എന്‍റെ മലയാളം കണ്ടു സ്വയം രോമാഞ്ചം ഉണ്ടാകാന്‍
  • വേറെ ജോലി ഒന്നും ചെയ്യാതെ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍
  • എന്‍റെ മണ്ടത്തരങ്ങള്‍ കൊണ്ട് വേറെ ഒരാളെ എങ്കിലും ചിരിപ്പിക്കാന്‍ (ചിന്തിപ്പിക്കാന്‍ എന്ന് പറയുന്നില്ല - ഇത്ര നാള്‍ ആയിട്ട് എനിക്ക് സ്വയം ചിന്തിപ്പിക്കാന്‍ പറ്റിയിട്ടില്ല)
  • ആരെങ്കിലും നല്ല കമന്റുകള്‍ പറഞ്ഞാല്‍ സന്തോഷിക്കാന്‍