Friday, June 22, 2012

മാതൃത്വം

 ഞാന്‍ നിന്നില്‍ ആയിരിക്കുക...
നിന്‍റെ ശരീരത്തിന്‍റെ ഭാഗം ആയിരിക്കുക...
നിന്‍റെ രക്തം എന്‍റെ ഞരമ്പുകളിലും ഒഴുകുക...
നിന്‍റെ ഹൃദയമിടിപ്പുകള്‍ എന്‍റെ കാതുകളില്‍ മുഴങ്ങുക...

ഞാന്‍ നിന്‍റെ ഗര്‍ഭപാത്രത്തില്‍ ജീവിക്കുക...

അതാകട്ടെ ദൈവമേ നമ്മള്‍ തമ്മിലെ ബന്ധം

Thursday, December 23, 2010

എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട്?

എന്ത് കൊണ്ട് ഞാന്‍ ബ്ലോഗ്‌ എഴുതുന്നു എന്ന് ഞാന്‍ ചിന്തിച്ചു.
എല്ലാ കാര്യങ്ങളും പോലെ പല കാരണങ്ങള്‍ ഉണ്ട്:

  • ബോറടി മാറാന്‍
  • ചാറ്റ് ചെയ്യാന്‍ ആരെയും കിട്ടാത്തത് കൊണ്ട്
  • വീട്ടുകാരെയും കൂട്ടുകാരെയും ഭീഷണി പെടുത്തി എങ്കിലും വായിപ്പിക്കാന്‍
  • എന്‍റെ മലയാളം കണ്ടു സ്വയം രോമാഞ്ചം ഉണ്ടാകാന്‍
  • വേറെ ജോലി ഒന്നും ചെയ്യാതെ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍
  • എന്‍റെ മണ്ടത്തരങ്ങള്‍ കൊണ്ട് വേറെ ഒരാളെ എങ്കിലും ചിരിപ്പിക്കാന്‍ (ചിന്തിപ്പിക്കാന്‍ എന്ന് പറയുന്നില്ല - ഇത്ര നാള്‍ ആയിട്ട് എനിക്ക് സ്വയം ചിന്തിപ്പിക്കാന്‍ പറ്റിയിട്ടില്ല)
  • ആരെങ്കിലും നല്ല കമന്റുകള്‍ പറഞ്ഞാല്‍ സന്തോഷിക്കാന്‍

Wednesday, November 3, 2010

ജീവിതത്തില്‍ ഒരു പാട് നഷ്ട്ടങ്ങള്‍.


എന്ത് ഏതു എന്ന് ശരിക്ക് പറയാന്‍ പറ്റുന്നില്ല, പക്ഷെ വല്ലാത്ത ഒരു നഷ്ട്ട ബോധം.

ഓരോ ചെറിയ പ്രതീക്ഷയും വലിയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കുന്നു?
ആയിരിക്കാം...



Thursday, October 14, 2010

കാത്തിരിപ്പ്‌

ഓരോ കാത്തിരിപ്പും ഒരു അനുഭൂതിയാണ്


മാധുര്യമോ
പ്രതീക്ഷയോ
ആകാംഷയോ
ഭീതിയോ
നിസ്സഹായതയോ


എന്തൊക്കെയോ...

ഓരോ ചിന്തയിലും
ഓരോ ഓര്‍മയിലും
ഓരോ പ്രവര്‍ത്തിയിലും


എവിടെയൊക്കെയോ
ആര്‍ക്കൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള കാത്തിരിപ്പ്‌ ഉണ്ട് ...



ജീവിതം തന്നെ മരണത്തിലേക്കുള്ള ഒരു കാത്തിരിപ്പാണല്ലോ അല്ലേ?



Monday, September 6, 2010

പ്രേമം

2 ദിവസം മുന്‍പ് ബഷീറിന്‍റെ പ്രേംപാറ്റ വായിച്ചു.

ഈ പ്രേമം, പ്രേമം എന്ന് പറയുന്നത് ഒരു അദ്ഭുതം തന്നെയാണ് ...
പ്രേമിക്കുമ്പോള്‍ ജീവിതം കൂടുതല്‍ പ്രകാശപൂരിതമാകുന്നു...

അതായതു ജീവിതം യൗവനതീക്ഷ്ണമാകുമ്പോള്‍ ഹൃദയം പ്രേമസുരഭിലമാകും...

ബഷീര്‍ പറയുന്ന പോലെ പ്രേമത്തിന് അല്‍പ്പസ്വല്‍പ്പം നാറ്റമൊക്കെ ഉണ്ടായെന്നും വരും...

എന്‍റെ അഭിപ്രായത്തില്‍ എല്ലാവരും ഒരിക്കലെങ്കിലും പ്രേമിക്കണം.ഇഡ്ഡ്ലിയെയും, ചട്നിയെയും, നല്ല എരിവും പുളിയുമുള്ള മീന്‍ കറിയെയും പ്രേമിച്ചാലും മതി.

പക്ഷെ ജീവിതത്തിന്‍റെ ശരിയായ ഭംഗിയും സൗരഭ്യവും അറിയാന്‍ പ്രേമം അത്യന്താപേക്ഷിതമാകുന്നു...



പിന്നെ, പ്രേമലേഖനം അയക്കുമ്പോള്‍ വ്യാകരണം നോക്കരുത്... എന്‍റെ ബ്ലോഗ്‌ വായിക്കുമ്പോഴും...

Friday, July 9, 2010

Why I love being a Woman

ഇന്നലെ ഞാനും മമ്മിയും വാവയും പുറത്തു കറങ്ങാന്‍ പോയി. കുറേ നാള്‍ ആയല്ലോ പുറത്തൊക്കെ പോയിട്ട് എന്ന് വിചാരിച്ചു. ആന്‍റി പോയപ്പോള്‍ കൂടെ പോയതാണ്. കാറില്‍ വെറുതെ കറങ്ങാന്‍ രസമാണല്ലോ.

എന്തായാലും, പുറത്തേക്കു ഇറങ്ങിയപ്പോള്‍ പല കടകളും ഞങ്ങളെ മാടി മാടി വിളിക്കുന്നു. ചെന്നൈ സില്‍ക്സില്‍ കര്‍ക്കിടക കിഴിവ് 50%. കുട്ടികളുടെ ഒരു കടയില്‍ ഉടുപ്പുകള്‍ 30% കിഴിവില്‍. Woodlands-ഇല്‍ 60% കിഴിവ്. അങ്കിള്‍ ട്രാഫീക്, കുഴികള്‍ എല്ലാം മറികടന്നു കാര്‍ പറ്റുന്നത്ര സ്പീഡില്‍ വിട്ടു.

ഇറങ്ങിയത്‌ ആന്‍റിയുടെ പൊട്ടിയ ചെരുപ്പ് ശരിയാക്കാനായിരുന്നു. അവിടെ ചെന്നപ്പോള്‍ വീണ്ടും കിഴിവുകള്‍. ഇരയെ കിട്ടിയ പോലെ കടക്കാര്‍ ചാടിവീണു.

എന്‍റെ കാര്യം പറയാനാണെങ്കില്‍, ഞാന്‍ പുതിയ ചെരുപ്പ് 2 എണ്ണം വാങ്ങിയിട്ട് 1 മാസമേ ആയിട്ടുള്ളൂ. ഇത് രണ്ടും ഒന്നോ രണ്ടോ തവണ മാത്രമേ ഇട്ടിട്ടുള്ളൂ. അത് കൊണ്ട് ഞാന്‍ സകല പ്രലോഭനങ്ങളെയും ഒഴിവാക്കാനായി അല്‍പ്പം ദൂരെ മാറി നിന്ന് റോഡിലെ കുഴികള്‍ നിരീക്ഷിച്ചു.

പെട്ടെന്ന് കടക്കാര്‍ അങ്കിളിനെ വിളിച്ചു; കാര്‍ അല്‍പ്പം മാറ്റിയിടാന്‍ പറഞ്ഞു. അങ്കിള്‍ പോയി. അപ്പോള്‍ ആന്‍റി പൊട്ടിയ ചെരുപ്പ് താഴെയിട്ടു കിഴിവുള്ള ചെരിപ്പുകള്‍ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് ഒറ്റ ചാട്ടം. അപ്പോള്‍ ഞാന്‍ കരുതി: "വെറുതെ ഒന്ന് നോക്കിയേക്കാം, എത്രയായാലും ഇവിടെ വരെ വന്നതല്ലേ" എന്ന്. മമ്മിയും ഇത് തന്നെ ചിന്തിച്ചു എന്ന് തോന്നുന്നു. ഒടുവില്‍ 3 പേരും ചെരിപ്പിനകത്തു കുഴയാന്‍ തുടങ്ങി. എന്തിനു, നടക്കാറായിട്ടില്ലാത്ത വാവ വരെ ഒരു ചെരുപ്പ് എടുത്തു പിടിച്ചു.

കടക്കാരന്‍റെ മുഖത്ത് ഒരു വിജയസ്മിതം ഉണ്ടായോ എന്ന് നോക്കാന്‍ പറ്റിയില്ല. എന്‍റെ ശ്രദ്ധ മുഴുവന്‍ ചെരുപ്പിലായിരുന്നു.

ഞങ്ങള്‍ കാലിലും കയ്യിലുമായി 5-6 ജോടി ചെരിപ്പും പിടിച്ചു നില്‍ക്കുന്നതു കണ്ട്‌ കൊണ്ടാണ് അങ്കിള്‍ വന്നത്. അപ്പോഴേ തോറ്റു എന്ന് പുള്ളി മനസ്സിലാക്കി. ഒരക്ഷരം മിണ്ടിയില്ല.

എന്തായാലും ചുരുക്കി പറഞ്ഞാല്‍, ഒടുവില്‍ ഞാന്‍ 3 ജോടി ചെരിപ്പിന്റെ കൂടെ അവകാശി ആയി. ആന്‍റി പാവം പുതിയത് രണ്ടേ എടുത്തുള്ളൂ. മൂന്നാമത്തേത് പൊട്ടിയ ചെരുപ്പ് നന്നാക്കിയതായിരുന്നു.





ആന്‍റിയുടെ കുട ഒടിഞ്ഞത് നന്നാക്കാന്‍ അങ്കിള്‍ വണ്ടി നിറുത്തിയില്ല. ഓഫീസില്‍ പോകുന്ന വഴിക്ക് ശരിയാക്കി കൊണ്ട് വരാം എന്ന് പറഞ്ഞു നേരെ വീട്ടിലേക്കു പോന്നു.

Tuesday, June 22, 2010

ജന്മദിനം

ഇന്ന് എന്‍റെ ജന്മദിനം. എനിക്കും പ്രായമായി തുടങ്ങി. :)

പറയാന്‍ വന്നത് അതല്ല. ചെറുപ്പത്തില്‍ ഒരു ജന്മദിനത്തിലും എന്തൊരു സന്തോഷം ആയിരുന്നു. അന്ന് സുര്യന് വെളിച്ചം കൂടുതല്‍ ഉണ്ടാകും. കറിക്ക് സ്വാദ് കൂടും. മധുരത്തിന് കൂടുതല്‍ മധുരം. ചെടികള്‍ക്ക് പച്ചപ്പ്‌ കൂടും.

പിന്നീട് ഒരിക്കല്‍ എനിക്ക് തോന്നി, വേറെ ഒരാള്‍ക്കും ഇല്ല അത് പോലുള്ള തോന്നലുകള്‍ എന്ന്. സ്വന്തം ജന്മദിനം ഓര്‍മയില്ല എന്ന് പറയുന്നവര്‍ ആണ് കൂടുതല്‍ maturity ഉള്ളവര്‍ എന്ന്.

അങ്ങനെ ആകാന്‍ ശ്രമിച്ചു. ഒരളവു വരെ വിജയിച്ചു.





ഇപ്പോള്‍ കൊതി തോന്നുന്നു; ഒന്ന് കൂടി ആ സന്തോഷം തിരിച്ചു കിട്ടാന്‍.

പറഞ്ഞിട്ടെന്താ മനസ്സിന് വരെ പ്രായമായി തുടങ്ങി