Friday, July 9, 2010

Why I love being a Woman

ഇന്നലെ ഞാനും മമ്മിയും വാവയും പുറത്തു കറങ്ങാന്‍ പോയി. കുറേ നാള്‍ ആയല്ലോ പുറത്തൊക്കെ പോയിട്ട് എന്ന് വിചാരിച്ചു. ആന്‍റി പോയപ്പോള്‍ കൂടെ പോയതാണ്. കാറില്‍ വെറുതെ കറങ്ങാന്‍ രസമാണല്ലോ.

എന്തായാലും, പുറത്തേക്കു ഇറങ്ങിയപ്പോള്‍ പല കടകളും ഞങ്ങളെ മാടി മാടി വിളിക്കുന്നു. ചെന്നൈ സില്‍ക്സില്‍ കര്‍ക്കിടക കിഴിവ് 50%. കുട്ടികളുടെ ഒരു കടയില്‍ ഉടുപ്പുകള്‍ 30% കിഴിവില്‍. Woodlands-ഇല്‍ 60% കിഴിവ്. അങ്കിള്‍ ട്രാഫീക്, കുഴികള്‍ എല്ലാം മറികടന്നു കാര്‍ പറ്റുന്നത്ര സ്പീഡില്‍ വിട്ടു.

ഇറങ്ങിയത്‌ ആന്‍റിയുടെ പൊട്ടിയ ചെരുപ്പ് ശരിയാക്കാനായിരുന്നു. അവിടെ ചെന്നപ്പോള്‍ വീണ്ടും കിഴിവുകള്‍. ഇരയെ കിട്ടിയ പോലെ കടക്കാര്‍ ചാടിവീണു.

എന്‍റെ കാര്യം പറയാനാണെങ്കില്‍, ഞാന്‍ പുതിയ ചെരുപ്പ് 2 എണ്ണം വാങ്ങിയിട്ട് 1 മാസമേ ആയിട്ടുള്ളൂ. ഇത് രണ്ടും ഒന്നോ രണ്ടോ തവണ മാത്രമേ ഇട്ടിട്ടുള്ളൂ. അത് കൊണ്ട് ഞാന്‍ സകല പ്രലോഭനങ്ങളെയും ഒഴിവാക്കാനായി അല്‍പ്പം ദൂരെ മാറി നിന്ന് റോഡിലെ കുഴികള്‍ നിരീക്ഷിച്ചു.

പെട്ടെന്ന് കടക്കാര്‍ അങ്കിളിനെ വിളിച്ചു; കാര്‍ അല്‍പ്പം മാറ്റിയിടാന്‍ പറഞ്ഞു. അങ്കിള്‍ പോയി. അപ്പോള്‍ ആന്‍റി പൊട്ടിയ ചെരുപ്പ് താഴെയിട്ടു കിഴിവുള്ള ചെരിപ്പുകള്‍ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് ഒറ്റ ചാട്ടം. അപ്പോള്‍ ഞാന്‍ കരുതി: "വെറുതെ ഒന്ന് നോക്കിയേക്കാം, എത്രയായാലും ഇവിടെ വരെ വന്നതല്ലേ" എന്ന്. മമ്മിയും ഇത് തന്നെ ചിന്തിച്ചു എന്ന് തോന്നുന്നു. ഒടുവില്‍ 3 പേരും ചെരിപ്പിനകത്തു കുഴയാന്‍ തുടങ്ങി. എന്തിനു, നടക്കാറായിട്ടില്ലാത്ത വാവ വരെ ഒരു ചെരുപ്പ് എടുത്തു പിടിച്ചു.

കടക്കാരന്‍റെ മുഖത്ത് ഒരു വിജയസ്മിതം ഉണ്ടായോ എന്ന് നോക്കാന്‍ പറ്റിയില്ല. എന്‍റെ ശ്രദ്ധ മുഴുവന്‍ ചെരുപ്പിലായിരുന്നു.

ഞങ്ങള്‍ കാലിലും കയ്യിലുമായി 5-6 ജോടി ചെരിപ്പും പിടിച്ചു നില്‍ക്കുന്നതു കണ്ട്‌ കൊണ്ടാണ് അങ്കിള്‍ വന്നത്. അപ്പോഴേ തോറ്റു എന്ന് പുള്ളി മനസ്സിലാക്കി. ഒരക്ഷരം മിണ്ടിയില്ല.

എന്തായാലും ചുരുക്കി പറഞ്ഞാല്‍, ഒടുവില്‍ ഞാന്‍ 3 ജോടി ചെരിപ്പിന്റെ കൂടെ അവകാശി ആയി. ആന്‍റി പാവം പുതിയത് രണ്ടേ എടുത്തുള്ളൂ. മൂന്നാമത്തേത് പൊട്ടിയ ചെരുപ്പ് നന്നാക്കിയതായിരുന്നു.





ആന്‍റിയുടെ കുട ഒടിഞ്ഞത് നന്നാക്കാന്‍ അങ്കിള്‍ വണ്ടി നിറുത്തിയില്ല. ഓഫീസില്‍ പോകുന്ന വഴിക്ക് ശരിയാക്കി കൊണ്ട് വരാം എന്ന് പറഞ്ഞു നേരെ വീട്ടിലേക്കു പോന്നു.