Friday, May 21, 2010

മറ്റൊരു യാത്രയില്‍

അപ്പൊ പറഞ്ഞു വന്നത് ബസിനെ കുറിച്ചും കൂട്ടുകാരിയെ കുറിച്ചും ആണല്ലോ. അപ്പോഴാണ് മറ്റൊരു യാത്ര ഓര്‍മ വന്നത്. ഈ ഓര്‍മയിലും പ്രമുഖര്‍ വീണ്ടും ബസും കൂട്ടുകാരിയും.

അന്ന് ഞങ്ങള്‍ എന്തോ ഒരു അത്യാവശ്യത്തിനു തിരുവനന്തപുരത്ത് പോയി. K.S.R.T.C ബസ്‌. ഒരു വിധം നല്ല തിരക്ക്. ഞങ്ങള്‍ ഏതാണ്ട് വാതിലിനു മുന്നിലായി വരുന്ന സീറ്റില്‍ ഇരിക്കുന്നു. വാതിലിനടുത്തും ചുറ്റുപാടുമായി കമ്പിയില്‍ തൂങ്ങി കുറേ പേര്‍ ഉണ്ട്. പെട്ടെന്ന് കൂട്ടുകാരി തിരിഞ്ഞു നോക്കുന്നു. മുടി ഒതുക്കി വെക്കുന്നു. ഞാനും തിരിഞ്ഞു നോക്കി. ഒന്നും മനസ്സിലായില്ല. നേരെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കുന്നു മുടി ഒതുക്കി വെക്കുന്നു. അപ്പോള്‍ ഞാന്‍ ലാത്തിയടിക്ക് ഒരു ചെറിയ ഇടവേള ഇട്ടു കൊണ്ട് ചോദിച്ചു എന്താ സംഭവം എന്ന്. അവള്‍ പറഞ്ഞു ഒരു അലവലാതി മുടിയില്‍ പിടിച്ചു വലിച്ചെന്ന്. എന്‍റെ രക്തം തിളച്ചു. ഞാനും തിരിഞ്ഞു നോക്കി. ഒരു ചുവന്ന ഷര്‍ട്ടുകാരന്‍. ഞാന്‍ അവനെ കണ്ണുരുട്ടി നോക്കി. ബഷീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ചുട്ട നോട്ടം'. അവന്‍ ആകെ ചൂളി. ഞാന്‍ എന്നെ സ്വയം അഭിനന്ദിച്ചു. ഞാന്‍ ആള് കൊള്ളാം.

5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബസ്‌ എവിടെയോ നിറുത്തി. കൂട്ടുകാരി പറഞ്ഞു "ഭാഗ്യം അയാള്‍ ഇറങ്ങിപ്പോയി".

ബസ്‌ മുന്നോട്ടെടുത്തു. ഞാന്‍ തലപ്പോക്കി നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു ചുവന്ന ഷര്‍ട്ടുകാരന്‍. പുറകില്‍ നിന്നിരുന്ന ആള്‍ എങ്ങനെയോ തിക്കി തിരക്കി മുന്നോട്ട് പോകുന്നു.

ഞാന്‍ കൂട്ടുകാരിയോട് പറഞ്ഞു: "അയാള്‍ ഇറങ്ങിയിട്ടില്ല. ദേ പോണു മുന്നോട്ടു. ഞാന്‍ പേടിപ്പിച്ചു വിട്ടതാ".

അവള്‍ പറഞ്ഞു: "അയാള്‍ ഇറങ്ങി. ആ കള്ളിമുണ്ടുടുത്ത ആള്‍ ആയിരുന്നു".

ദൈവമേ, എപ്പൊഴും എന്ന പോലെ ഇപ്പോഴും ചെയ്തത് മണ്ടത്തരം ആയി എന്ന് മനസ്സിലായി.



ആരാണെന്നു അറിയില്ല... സ്ഥലം പോലും അറിയില്ല... പക്ഷേ പാവം ചുവന്ന ഷര്‍ട്ടുകാരാ മാപ്പ്

1 comment:

Anonymous said...

paavam the manushyan!!!!
enthellam sahichu ee cheriya samayithinakam....