Monday, November 4, 2013

എന്‍റെ പ്രണയാനുഭവങ്ങൾ




എത്രയോ സ്ത്രീകൾ അവരവരുടെ പ്രണയ കഥകൾ എഴുതുന്നു. എനിക്കും തോന്നി എൻന്‍റെ അനുഭവങ്ങൾ എഴുതിയാൽ കൊള്ളാം എന്ന്.
ആദ്യം മുതൽ തുടങ്ങുന്നു:

1. സ്കൂൾ കാലഘട്ടം. എനിക്ക് ഒരു ചെറുക്കനോട് എന്തെന്നില്ലാത്ത ഒരു ... ഒരു ... ഇത് ... അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നു. അവൻ നടക്കുന്ന വഴികളിൽ കണ്ണ് നട്ട്, അവൻ കയറുന്ന ബസ്‌ നോക്കി കാത്തു നിന്ന് ജീവിതം മുന്നോട്ടു പോകുന്നു.
ഒരു സുദിനത്തിൽ അതാ അവൻ എന്നെ തന്നെ നോക്കുന്നു. ഷാരുഖ് ഖാൻ കജോളിനെ നോക്കുന്ന പോലത്തെ ഒരു നോട്ടം. രോമാഞ്ചം വന്നു പോയി. സത്യം!

എല്ലാം തകർത്തു കൊണ്ട് അടുത്ത നിമിഷം അവൻ പറയുകയാണ്: "ഒന്ന് മാറി നിന്നൂടെ?".

ബഷീറിന് ചാമ്പക്കയെങ്കിൽ എനിക്ക് അതൊരു ജൂനിയർ പെണ്‍കുട്ടി ആയിരുന്നു.

2.അതെല്ലാം ഞാൻ മറന്നു. വീണ്ടും പ്രണയത്തിന്‍റെ പുതുനാമ്പുകൾ. ഇത്തവണ സത്യമായിട്ടും എനിക്ക് ഒന്നും ഇല്ലായിരുന്നു ... എന്നാലും കാണാൻ കൊള്ളാവുന്ന സ്മാർട്ട്‌ ആയ ഒരു പയ്യൻ രാവിലെ  കോളേജ് ഗേറ്റിനു മുന്നിൽ എന്നെ കാത്തുനിൽക്കുന്നു എന്ന് കേട്ടാൽ ആർക്കായാലും ഒരു 'ഇത്' തോന്നിപ്പോവില്ലേ? എന്നെ കണ്ടപ്പോൾ അവന്‍റെ കണ്ണുകൾ തിളങ്ങി, അത് കണ്ട് എന്‍റെ ഹൃദയമിടിപ്പുകൾ കൂടി.

അവന്‍റെ ആവശ്യം പക്ഷെ മറ്റെന്തൊക്കെയോ ആയിരുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ "Assignment". അത് ഞാൻ എഴുതിയത് നോക്കി കോപ്പിയടിക്കാൻ കൊതിയോടെ കാത്തു നിന്നതായിരുന്നു ആ ചുള്ളൻ.

3. ഇനി അതേ കോളേജ് രണ്ട് വർഷങ്ങൾക്കു ശേഷം. ക്ലാസ്സിലെ സുന്ദരിമാർക്ക് പുറകിലെ ബെഞ്ചുകളിലെ ചേട്ടൻമാർ love-letters അയക്കുന്നത്‌ ഒരു സ്ഥിരം പരിപാടി ആണല്ലോ. ഒറ്റ ഒരിക്കൽ മാത്രം എനിക്കും കിട്ടി ഒരെണ്ണം. സത്യമായിട്ടും എനിക്കത് ഫ്രെയിം ചെയ്തു വെക്കാനുള്ള സന്തോഷം തോന്നി. തുറന്നു വായിക്കുന്നത് വരെ. ആ _______മാർ എഴുതിയത്: "ഇനി ഈ ഡ്രസ്സ്‌ ഇട്ടു വന്നാൽ ചന്തിക്ക് അടി കിട്ടും." എന്ന് മാത്രമായിരുന്നു.

എന്‍റെ "precious backside" ന്റെ സുരക്ഷയെ കരുതി ഞാൻ പിന്നെ ആ ഡ്രസ്സ്‌ ഇട്ടിട്ടില്ല. ആണുങ്ങളായാൽ വാക്ക് പാലിക്കണം എന്നൊക്കെ വിചാരമുള്ള ആരെങ്കിലും ആണ് അത് എഴുതിയതെങ്കിൽ.... ഹോ! എനിക്ക് ഓർക്കാനേ വയ്യ!

4. ഇനി കുറേ വർഷങ്ങൾ മുന്നോട്ട്. ചെന്നൈയിൽ ജോലി ചെയ്യുന്ന സമയം. ട്രെയിൻ വളരെ പ്രണയാതുരമായ ഒരു വാഹനം ആണെന്നാണ് എന്‍റെ അഭിപ്രായം. എത്ര സിനിമയിലാ ട്രെയിനിൽ പ്രണയം ആരംഭിക്കുന്നത്.

എന്തായാലും ട്രെയിനിൽ പല ആൾക്കാരും സഹയാത്രികരോട് സൗഹൃദം തുടങ്ങുന്നതും. രാത്രി മുഴുവൻ സംസാരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

അങ്ങനെ ഞാൻ ട്രെയിനിൽ കയറി. അപ്പർ ബെർത്തിൽ കയറി കിടന്ന് വായിക്കാൻ തുടങ്ങി. സൈഡ് ലോവറിൽ ഒരു പുരുഷൻ ആണ് എന്ന് കണ്ടു. ആരോ ലൈറ്റുകൾ ഓഫ്‌ ആക്കി. പിന്നെ ഞാൻ പതുക്കെ ഉറക്കം തൂങ്ങാൻ തുടങ്ങി.

അതേ ഉറക്കപിച്ചിൽ ഞാൻ താഴെ ഇറങ്ങി. പെട്ടെന്ന് ആ നനുത്ത ഇരുട്ടിൽ അയാൾ വളരെ പതുപതുത്ത ശബ്ദത്തിൽ ചോദിച്ചു: "എന്താ ഉറക്കം വരുന്നില്ലേ?". ഞാൻ എന്‍റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു പോയി: "എനിക്കൊന്നു അത്യാവശ്യമായിട്ട് ടോയിലെറ്റിൽ പോകണം"

തിരിച്ചു വരുമ്പോഴേക്ക്‌ എനിക്ക് എന്‍റെ അബദ്ധം മനസ്സിലായിരുന്നുവെങ്കിലും ആ 5 മിനിറ്റ് കൊണ്ട് അയാൾ മുഖം വരെ മൂടിപുതച്ചു ഉറക്കത്തിലായി കഴിഞ്ഞിരുന്നു.

പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?


No comments: